മറക്കപ്പെടാതിരിക്കാൻ കൂടിയാണ് താൻ എഴുതുന്നതെന്ന് നോബൽ സമ്മാനജേതാവ് ഓർഹാൻ പമുക്. താനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നും പമുക്

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ആദ്യ ദിവസങ്ങളില്‍ താരമായി തുർക്കിയിൽ നിന്നുള്ള എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ ഓർഹാൻ പമുക്. തുർക്കിയുടെ ഓട്ടോമെൻ പാരമ്പര്യത്തേയും തുർക്കി സംസ്കാരത്തേയും സാഹിത്യത്തേയും കുറിച്ചുള്ള ഒർഹാൻ പമുകിന്‍റെ പ്രഭാഷണം കേള്‍ക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. പരിപാടി വീക്ഷിക്കാൻ ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷേയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും എത്തിയിരുന്നു.

ലോകത്തെ അറുപത്തിമൂന്ന് ഭാഷകളിൽ തന്‍റെ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും, തുർക്കി ഭാഷയിൽ എഴുതുന്നതിനാൽ താൻ പ്രാഥമികമായി തുർക്കിക്കാർക്ക് വേണ്ടിയാണ് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നോവൽ എഴുതി പൂർത്തിയാക്കുന്നത് ഒരു വൃക്ഷം പൂർണ്ണവളർച്ചയെത്തുന്നതു പോലെയാണ്. തന്‍റെ രചനകളുടെയെല്ലാം പിന്നിൽ ദീർഘനാളത്തെ ഗവേഷണം കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരു ഇടതുപക്ഷവാദിയാണെന്ന് പറഞ്ഞ ഓർഹാൻ പമുക്, ഇടതുപക്ഷക്കാരായ തന്‍റെ പല സുഹൃത്തുക്കളും ഓട്ടോമെൻ സംസ്കാരത്തെ തള്ളിപ്പറഞ്ഞെങ്കിലും, താൻ തന്‍റെ രചനകളിലെല്ലാം തുർക്കിയുടെ തനത് സംസ്കാരത്തെ ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്. എന്നാൽ ഇത് ശരിയായ രീതിയിൽ മനസ്സിലാക്കാതെയാണ് ഭരണകൂടവും രാഷ്ട്രീയനേതൃത്വങ്ങളും തന്നെ തുർക്കിവിരുദ്ധനായി ചിത്രീകരിച്ചത്. മ്യൂസിയം ഓഫ് ഇന്നസെൻസ് എന്ന നോവലിൽ പ്രതിപാദിച്ചിട്ടുള്ള വസ്തുക്കളെല്ലാം ശേഖരിച്ച് ഈസ്റ്റാംബൂളിൽ ഒരു മ്യൂസിയം സജ്ജമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഓർഹാൻ പമുക്, തുർക്കിയിലെത്തിയാൽ മ്യൂസിയം സന്ദർശിക്കാൻ വരണമെന്ന് സദസ്സിനെ ക്ഷണിച്ചു.

സൂഫി കവിയായ റൂമിയെ നന്നായി വായിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഓർഹാൻ പമുക്, സൂഫി സാഹിത്യത്തിലും അറബ്- പേർഷ്യൻ-ഇസ്ലാം സാഹിത്യത്തിലും ആഴത്തിലുള്ള അർത്ഥതലങ്ങൾ ധാരാളമുണ്ടെന്ന് പറഞ്ഞു. ഈ സാഹിത്യശാഖകളെയെല്ലാം താൻ സമീപിച്ചത്, മതപരമായ താത്പര്യത്തേക്കാൾ സാഹിത്യപരമായ താത്പര്യം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പൊതുവെയുള്ള രോഷം തന്നെ എപ്പോഴും എഴുതാൻ പ്രേരിപ്പിക്കുന്ന സ്വഭാവസവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. സദസ്സിൽ നിന്നുള്ള നിരവധി ചോദ്യങ്ങൾക്കും ഓർഹാൻ പമുക് മറുപടി നൽകി.