ഷാര്‍ജ പുസ്തകമേളയിലെ വാര്‍ത്തയുടെ വാതായനമായി മീഡിയ റൂം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ വാര്‍ത്തകളും വിശേഷങ്ങളും കൗതുക കാഴ്ച്ചകളും ലോകമെമ്പാടുമുള്ള പുസ്തക പ്രേമികളെ അറിയിക്കുന്നതിന് എത്തിയത് നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശക്തമായി പിന്‍തുണയുമായി കുറ്റമറ്റ രീതിയിലുള്ള മീഡിയ റൂമാണ് പുസ്തകോത്സവ വേദിയില്‍ ഒരുക്കിയിരിക്കുന്നത്. അതിവിപുലമായ സാങ്കേതിക സംവിധാനമാണ് മീഡിയ റൂമിലുള്ളത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ് പുസ്തകമേളയുടെ വിശേഷങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റോയിട്ടേഴ്സ് ഉള്‍പ്പടെയുള്ള ലോക പ്രശസ്ത മാധ്യമ സ്ഥാപനം മുതല്‍ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങള്‍ വരെ മേള റിപ്പോര്‍ട്ട് ചെയ്യാനെത്തിയിട്ടുണ്ട്. അറബ് മാധ്യമങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നാണുള്ളത്.

മലയാളത്തിലെ മിക്ക ചാനലുകളുടേയും പത്രങ്ങളുടേയും പ്രതിനിധികളും മേളയിലെ സ്ഥിരം സാന്നിധ്യമാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വാര്‍ത്തകള്‍ മലയാളികള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ മലയാള മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്ഥുലമാണ്. പുസ്തകമേള വിജയിപ്പിക്കുന്നതില്‍ മലയാളി വായനക്കാരും പ്രസാധകരും വഹിക്കുന്ന പങ്കും വിസ്മരിക്കാനാകില്ല.

ഓരോ വര്‍ഷം കഴിയുന്തോറും മേളയില്‍ സന്ദര്‍ശകരുടെ എണ്ണം ഏറുകയാണ്. മേള റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ കൂടുന്നതിന് അനുസരിച്ച് മീഡിയ റൂമില്‍ സൗകര്യങ്ങളും സജ്ജമാക്കുന്നുണ്ട്.