“നൂറ് താളുകൾ വായിക്കുക, ഒരു താൾ എഴുതുക” : ഗുല്‍സാര്‍

സ്വതന്ത്രമായ ആത്മാവിഷ്കാരം നടത്താൻ സ്വാതന്ത്ര്യമുള്ള നിർഭയരായ ജനങ്ങളാണ് ഏതൊരു സമൂഹത്തിലും വേണ്ടതെന്ന് ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖവ്യക്തിത്വമായ ഗുൽസാർ. ഷാർജ അന്താരാഷ്ട്രപുസ്തകമേളയുടെ രണ്ടാം ദിനത്തിൽ സദസ്സിനോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

കവിയും എഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ഗുൽസാർ തന്‍റെ സാഹിത്യത്തെയും ചലച്ചിത്രജീവിതത്തെയും കുറിച്ച് മനസ്സ് തുറന്നു. അൻപതുകളിൽ ഉണ്ടായ ഗാനങ്ങളുടെ തനിമയും മാധുര്യവും സമീപകാലങ്ങളിലെ ഗാനങ്ങൾക്കില്ലാതെ പോകുന്നതിന്‍റെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്‍റെ പ്രതിഫലനങ്ങളാണെന്നും സമൂഹം മാറുമ്പോൾ, സിനിമയുടെയും ഗാനങ്ങളുടെയും സ്വഭാവവും മാറുമെന്നും ഗുൽസാർ അഭിപ്രായപ്പെട്ടു. ഷാർജ പുസ്തകമേളയുടെ ‘പുസ്തകം തുറക്കുക മനസ്സ് തുറക്കുക’ എന്ന ശീർഷകം തീർത്തും അർത്ഥവത്താണെന്ന് പറഞ്ഞ ഗുൽസാർ, പുസ്തകം തുറക്കുന്നതിലൂടെ മനസ്സും കണ്ണും ബുദ്ധിയും തുറക്കാൻ കഴിയുമെന്ന് കൂട്ടിച്ചേർത്തു.

ടാഗോർ അടക്കമുള്ള പ്രമുഖരായ ബംഗാളി കവികളുടെ രചനകൾ തർജ്ജമ ചെയ്തിട്ടുള്ള ഗുൽസാർ തന്‍റെ വിവർത്തനാനുഭവങ്ങൾ സദസ്സുമായി പങ്കുവച്ചു. ബംഗാളികവിതകൾ വിവർത്തനം ചെയ്യാൻ ബംഗാളിഭാഷ പഠിച്ച കാര്യം അദ്ദേഹം വിവരിച്ചു. ഒരേ സാംസ്കാരിക പശ്ചാത്തലമുള്ള ഭാഷകളുടെ കാര്യത്തിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം നടത്തുമ്പോൾ അർത്ഥ ശോഷണം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയമായ എല്ലാ ഭാഷകൾക്കും അർത്ഥപരമായ ഐകരൂപ്യമുണ്ട്. ടാഗോറിന്‍റെ ബംഗാളിയും വൈക്കം മുഹമ്മദ് ബഷീറിന്‍റെ മലയാളവും ഒരേ ചരടിൽ കോർത്ത മുത്തുകളാണ്.

പുതിയ എഴുത്തുകാർക്ക് ധാരാളം അവസരങ്ങളാണ് തുറന്നുകിട്ടിയിരിക്കുന്നത്. പുതിയ കാലത്തിന്‍റെ പ്രത്യേകതയാണത്. പുതിയ സാങ്കേതികതകൾ പുതിയ എഴുത്തുകാരെ നന്നായി പിന്തുണയ്‌ക്കുന്നുണ്ട്‌. നൂറ് താളുകൾ വായിക്കുക, ഒരു താൾ എഴുതുക എന്നതാണ് വായനയും എഴുത്തും തമ്മിൽ താൻ നിർദ്ദേശിക്കുന്ന അനുപാതമെന്ന് ഗുൽസാർ പറഞ്ഞു. ഗഗൻ മുൽക്കാണ് ഗുൽസാറുമായുള്ള സംവാദം നടത്തിയത്.

പരിപാടിയുടെ ഭാഗമായി ഗായകരായ ജയപ്രകാശും നിഷിത ചാൾസും ഗുൽസാറിന്‍റെ പ്രശസ്തങ്ങളായ ചലച്ചിത്രഗാനങ്ങൾ ആലപിച്ചു. ഗുൽസാറിന്‍റെ പുസ്തകങ്ങൾ വാങ്ങാനുള്ള അവസരവും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കിർദാർ സംവിധാനം ചെയ്തു.