പുസ്തകനഗരി ഉണരാന്‍ ഇനി രണ്ടു നാള്‍.

ലോകപ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്കുള്ള ഒരുക്കങ്ങള്‍ എക്സ്പോ സെന്‍ററില്‍ അവസാന ഘട്ടത്തില്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ എത്തിത്തുടങ്ങി. മുന്‍ വര്‍ഷങ്ങളേക്കാള്‍ ജനപങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന അക്ഷരോത്സവത്തിന് ഈ മാസം 30നാണ് തുടക്കമാവുക.

ലോകപ്രശസ്ത എഴുത്തുകാരുടെയും സാമൂഹ്യ – സാംസ്കാരിക – സിനിമാ മേഖലയിലെ പ്രമുഖരുടെ സംഗമ വേദിയാകും ഇത്തവണത്തെയും പുസ്തകമേള. നോബൽ സമ്മാനജേതാവ് ഓർഹാൻ പമുക്, മാർക് മാൻഷൻ, സ്റ്റീവ് ഹാർവെ, ലിസ റായ്, ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന്‍, സംഗീതജ്ഞൻ ഗുൽസാർ, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, മനീഷ കൊയ് രാള, വിക്രം സേഥ്, കെ.എസ്.ചിത്ര, ഗുൽഷൻ ഗോവെർ, നവദീപ് സിംഗ് സൂരി, ഗ്രാന്‍റ് മാസ്റ്റർ ജി.എസ്. പ്രദീപ്, നടൻ സിദ്ദിഖ്, ടൊവിനോ തോമസ്, ആശ ശരത്, രവീഷ് കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

എൺപത്തൊന്നോളം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രസാധകരാണ് പുസ്തകമേളയുടെ മുപ്പത്തിയെട്ടാമത് പതിപ്പിൽ പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാർജ ബുക്ക് ഫെയറിനോടനുബന്ധിച്ച് വിവിധദിനങ്ങളിൽ നടക്കുന്ന പരിപാടികളിൽ, ഇന്ത്യയിൽ നിന്ന് കലാസാഹിത്യരംഗങ്ങളിലേയും, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലേയും പ്രമുഖർക്കൊപ്പം, പാചകം, സംഗീതം, ചലച്ചിത്രം, അച്ചടി-ദൃശ്യമാദ്ധ്യമം തുടങ്ങിയ രംഗങ്ങളിലെ പ്രശസ്തവ്യക്തികളും ഇക്കുറിയും പങ്കെടുക്കുന്നുണ്ട്.