പാലാരിവട്ടം അഴിമതി : ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുന്നു.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. കുഞ്ഞിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി തേടിയെന്ന് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദ​ഗതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അനുമതി തേടിയത്.

എട്ടേകാൽ കോടി രൂപയുടെ മൊബിലൈസേഷന്‍ ഫണ്ട് കരാറുകാര്‍ക്ക് അനുവദിച്ചതില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തിൽ ​ഗുരുതരമായ നിയമ ലംഘനം നടന്നിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജടക്കമുള്ള പ്രതികൾക്കും പങ്കുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. അതിനാൽ ഇവർക്ക് ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യം.

മുൻ മന്ത്രി അന്വേഷണ പരിധിയിൽ നിൽക്കുന്നതിനാൽ ഇപ്പോൾ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ​ഗുരുതരമായി ബാധിക്കുമെന്നാണ് വിജിലന്‍സിന്‍റെ വാദം. ഇതാദ്യമായാണ് മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി ചോദിച്ച കാര്യം വിജിലൻസ് വെളിപ്പെടുത്തുന്നത്. അതിനാല്‍ ഈ കേസിൽ ഇബ്രാ​ഹിം കുഞ്ഞ് പ്രതിയാകാനുള്ള സാധ്യത ഏറുകയാണ്.