രോഹിത് ശർമയുമായി പ്രശ്നങ്ങളില്ല. ടീമിനുള്ളിലെ അന്തരീക്ഷം ശരിയല്ലെന്ന ആരോപണം അസംബദ്ധം: വിരാട് കോലി

ഇന്ത്യൻ ടീമിനുള്ളിൽ പടലപ്പിണക്കമാണെന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. ഞാനും രോഹിത് ശർമ്മയും തമ്മിൽ പ്രശ്നമാണെന്നാണ് പ്രചരിക്കുന്നത്. ഇത് കള്ളക്കഥയാണ്. എനിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെന്നുണ്ടെങ്കിൽ അതെന്റെ മുഖത്ത് പ്രതിഫലിക്കും. എനിക്കൊന്നും മറച്ചുപിടിക്കാനാവില്ല, രോഹിത് പറഞ്ഞു. ടീമിനുള്ളിലെ അന്തരീക്ഷം ശരിയല്ലെന്ന ആരോപണവും കോലി നിഷേധിച്ചു. അന്തരീക്ഷം മോശമെങ്കിൽ ഞങ്ങൾക്ക് എങ്ങനെ ലോകകപ്പിൽ സെമിഫൈനൽ വരെ നന്നായി കളിക്കാൻ കഴിഞ്ഞു? എന്നും കോലി ചോദിച്ചു.

പുതിയ കോച്ചിനെക്കുറിച്ച് ബി.സി.സി.ഐ നിയോഗിച്ച കമ്മിറ്റി ഞാനുമായി ചർച്ച നടത്തിയിട്ടില്ലെന്നും രവിശാസ്ത്രിയുമായി മികച്ച ഏകോപനത്തോടെ പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നുവെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.

വെസ്റ്റിൻഡീസ് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പുള്ള പത്രസമ്മേളനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.