വന്‍ റിബേറ്റുമായി ഖാദി വിപണനമേളയ്ക്ക് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് വന്‍ സമ്മാന പദ്ധതികള്‍.

അതിജീവനത്തിന്‍റെ മഹനീയ മാതൃകയുമായി കേരളത്തിലെ ഖാദി മേഖലയും പൊന്നോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കേരള ഖാദി ഗ്രാമ വ്യവയാസ ബോഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംസ്ഥാനത്തുടനീളം അതിവിപുലമായ ഓണം ഖാദി മേള സംഘടിപ്പിച്ചിരിക്കുന്നു.

ഓഗസ്റ്റ് 16 ന് എല്ലാ ജില്ലകളിലെയും വില്‍പ്പന കേന്ദ്രങ്ങളില്‍ ആരംഭിച്ച മേള സെപ്റ്റംബര്‍ 10 വരെ നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റും ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. മേളയോട് അനുബന്ധിച്ച് വില്‍പ്പനശാലകളില്‍ ബഹുവര്‍ണത്തിലുള്ള സംശുദ്ധവും പ്രകൃതിദത്തവുമായ സില്‍ക്ക് സാരികള്‍ക്കായി പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്കായി സ്വര്‍ണസമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം ഒരാള്‍ക്ക് 10 പവന്‍ സ്വര്‍ണം, രണ്ടാം സമ്മാനം ഒരാള്‍ക്ക് 5 പവന്‍. മൂന്നാം സമ്മാനം 13 പേര്‍ക്ക് ഒരു പവന്‍ വീതം. കൂടാതെ ആഴ്ച്ചതോറും 3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്‍കും. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്.

ഖാദി എന്നത് കേവലം വസ്ത്രമല്ല. അത് നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ സംസ്കാരത്തിന്‍റെ ഭാഗമാണ്. ഏത് കാലാവസ്ഥക്കും അനുയോജ്യമായ ഖാദി വസ്ത്രം ധരിക്കുമ്പോള്‍ അത് സുഖകരമായ വസ്ത്രധാരണം മാത്രമല്ല, ഈ മേഖലയില്‍ പണിയെടുക്കുന്ന 13000ത്തോളം സഹോദരിമാരുടെ ജീവിതത്തിന് കൈത്താങ്ങാവുകയാണ്. ഈ ഓണം ഖാദിയോടൊപ്പം ആഘോഷിക്കൂ. പവിത്രമായ ഭാരത സംസ്കാരത്തിന്‍റെ ഭാഗമാകൂ..