2014നു ശേഷമുള്ള ഇന്ത്യൻ വാണിജ്യ വ്യവസായ രംഗത്ത് നടക്കുന്ന ചലനങ്ങളെ ഒരു ഞെട്ടലോടെയല്ലാതെ നോക്കിക്കാണാൻ കഴിയുന്നില്ല. എത്രയെത്ര കമ്പനികളാണ് പൂട്ടിപ്പോയത്? പൂട്ടിക്കൊണ്ടിരിക്കുന്നത്? ഒറ്റവാക്കിൽ പറഞ്ഞാൽ “സർക്കാരിന് ഒത്താശചെയ്ത്, പാർട്ടിഫണ്ടിലേക്കു (എം.ൽ.എ, എം.പി, പാർട്ടികളെ ഒന്നിച്ചു വാങ്ങാൻ) ചോദിച്ച പണം കൊടുത്തു സർക്കാരിനും, സർക്കാരിന്‍റെ ഗുണ്ടാ സംഘങ്ങളായി അധപതിച്ച എൻഫോഴ്‌സ്‌മെന്‍റ്, ഇൻകംടാസ്, എൻ.ഐ.എ, സിബിഐ തുടങ്ങിയ സംവിധാനങ്ങളെ തൃപ്തിപ്പെടുത്താത്ത ഒരാൾക്കും ഇന്നത്തെ ഇന്ത്യയിൽ നിലനില്‍പ്പില്ല. ഇതിന്‍റെ അവസാനത്തെ തെളിവാണ് “കഫേ കോഫി ഡേ” സ്ഥാപകന്‍റെ ദുരന്ത കഥ.

രാജ്യം , വിരലിൽ എണ്ണാവുന്ന രാഷ്ട്രീയ നേതാക്കന്മാരുടെയും, അവരുടെ ആശ്രിതരും സ്തുതിപാടകരുമായ വ്യവസായ – വാണിജ്യ ഭീമന്മാരുടെയും കയ്യിലേക്കൊതുങ്ങുന്നതു നാം കാണാതെ പോവുകയാണോ? ഉറക്കം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് വ്യവസായ രംഗത്ത് നടക്കുന്നതെന്താണ്? വരുന്ന മുഴുവൻ വലിയ പ്രൊജെക്ടുകളും ഏതാനും ചില കമ്പനികൾക്ക് മാത്രമായി തീറെഴുതി കൊടുക്കുന്നു. രാജ്യത്തെ തന്ത്രപ്രധാനമായ, രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന മുഴുവൻ മേഖലകളും, അതായത് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ ഉത്പാദന വിപണനം, ആയുധ നിർമാണം, ആയുധ കരാറുകൾ… അങ്ങിനെ എല്ലാമെല്ലാം സ്വകാര്യമേഖലയിലെ വാത്സല്യ പുത്രന്മാർക്കു സർക്കാർ നൽകിക്കൊണ്ടിരിക്കുന്നു.

വെറും മൂന്നു കൊല്ലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി – ജിയോ ഹിമാലയം പോലെ വളർന്നിടത്തു നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സർക്കാർ അധീനതയിലുള്ള ബി.എസ്.എൻ.എൽ എന്ന പൊതുമേഖലാ സ്ഥാപനം മരണാസന്നമായി കിടക്കുന്നു. വെറും രണ്ടരലക്ഷം ജനസംഖ്യയുള്ള ഖത്തർ എന്ന രാജ്യത്തിന്‍റെ എയർവേസ്‌ ലോകത്തിലെ തന്നെ മുൻ നിരയിൽ ഉല്ലസിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയിൽ വളരുന്ന ആഭ്യന്തര, അന്താരാഷ്ട്ര വ്യോമയാന മാർക്കറ്റ് ആയ ഇന്ത്യയുടെ (ചൈനക്കും, അമേരിക്കക്കും മുകളിൽ) സ്വന്തം വിമാനക്കമ്പനി “എയർ ഇന്ത്യ” നഷ്ടം കാരണം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ആയ “ഇന്ത്യൻ റെയിൽവേ” യും സ്വകാര്യമേഖലക്ക് തീറെഴുതാന്‍ പോകുന്നു. അങ്ങിനെ എണ്ണിയാൽ തീരാത്ത ഒരു ലിസ്റ്റു തന്നെ നമുക്ക് മുന്നിലുണ്ട്.

ലോകത്തെ അഞ്ചിലൊന്ന് വരുന്ന ഒരു ജനസമൂഹമാണ് നമ്മുടെ രാജ്യം. ഭരണകൂട കെടുകാര്യസ്ഥതകൾ ഈ രാജ്യത്തെ നയിക്കുന്നതെവിടേക്കെന്നുള്ള ചിന്ത സാധാരണക്കാരനെ ഭയപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ദിശാബോധം നഷ്ടപ്പെട്ട കോൺഗ്രസ് , പ്രതിപക്ഷ ധർമ്മം മറന്നിരിക്കുന്നു. നാഥനില്ലാത്ത ഇന്നത്തെ അവസ്ഥ, കോൺഗ്രസ് നേതാക്കളെയും, പ്രവർത്തകരെയും മറുകണ്ടം ചാടിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. നേതാക്കൾക്ക് രാഷ്ട്രീയം തൊഴിലാണ്. നമ്മളാണെങ്കിലും നാം തൊഴിലെടുക്കുന്ന കമ്പനി അനുദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നു കണ്ടാൽ മറ്റു കമ്പനികളിൽ തൊഴിൽ തേടുകയും, പ്രതീക്ഷിക്കുന്ന പ്രതിഫലം ഉറപ്പു നൽകിയാൽ മറുകണ്ടംചാടാറുമില്ലെ. അത്രമാത്രം കണ്ടാൽ മതി, അല്ലാതെ സാമൂഹിക പ്രതിബദ്ധതയല്ല ഇന്നത്തെ ഭൂരിഭാഗം രാഷ്ട്രീയക്കാരനെയും നയിക്കുന്നത്.

ഒരു രാഷ്ട്രീയ ബദൽ ഇന്ന് ഇന്ത്യയ്ക്ക് ആവശ്യമാണ്. സഘപരിവാര ഭരണത്തിനെതിരെ ഒരു ജനകീയബദൽ.. ഇന്ന് നിലനിൽക്കുന്ന കോൺഗ്രസ് അടക്കമുള്ള ഒരു പാർട്ടിക്കും അതിനു കഴിയുമെന്ന് തോന്നുന്നില്ല… രാജ്യം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു..രാജ്യത്തിനും, രാജ്യത്തെ 134 കോടി ജനങ്ങൾക്കും വേണ്ടിയുള്ള ഒരു രാഷ്ട്രീയ ബദൽ തീർച്ചയായും രാജ്യത്തിന് അനിവാര്യമാണ്… ഇത്തരമൊരു ബദല്‍ ഉയര്‍ന്നുവന്നില്ലെങ്കില്‍ വലിയൊരപകടത്തിലേക്കാകും രാജ്യം കൂപ്പുകുത്തുക.

നൗഷാദ് റഹ്മാൻ കോട്ടക്കൽ, ദുബായ്.