പ്രളയം: കേരളത്തിനുണ്ടായത് 1169 കോടി രൂപയുടെ കൃഷിനാശം

സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച്ചയുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നശിച്ചത് 31,330 ഹെക്ടര്‍ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1,22,326 കര്‍ഷകരെ ബാധിച്ചു. നെല്‍ക്കൃഷിക്കാണ് കൂടുതല്‍ നാശം. നെല്‍കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നശിച്ചത് വാഴക്കൃഷിക്കാണ് .
19,495 ഹെക്ടറില്‍ നെല്‍ക്കൃഷി നശിച്ചു. ആകെ നാശത്തിന്‍റെ 62.8 ശതമാനം.കൂടുതല്‍ നാശംസംഭവിച്ചത് പാലക്കാടും ആലപ്പുഴയിലുമാണ്. ലക്ഷ്യമിട്ടതിന്‍റെ 67 ശതമാനം സ്ഥലത്തുമാത്രമാണ് വരള്‍ച്ചമൂലം ഒന്നാംവിള ഇറക്കാനായത്. അതില്‍ പാതിയും വെള്ളപ്പൊക്കത്തില്‍ നശിച്ചതോടെ ഇത്തവണ ഉത്പാദനത്തില്‍ വന്‍ ഇടിവ് അനുഭവപ്പെടും.

നെല്ലുകഴിഞ്ഞാല്‍ ഏറ്റവുമധികം നാശം വാഴക്കൃഷിക്കാണ്. 5204 ഹെക്ടര്‍ വാഴക്കൃഷി നശിച്ചു. ഇതില്‍ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉള്‍പ്പെടും. ഓണവിപണി ലക്ഷ്യമിട്ട് ഒരുക്കിയ വാഴകളാണ് നശിച്ചത്. ഇതോടെ ഓണത്തിന് ഏത്തക്കായയ്ക്ക് ക്ഷാമം നേരിടും. വിലയും കൂടും. 23.59 കോടി രൂപയുടെ 270 ഹെക്ടര്‍ തെങ്ങ് നശിച്ചു. 865 ഹെക്ടറിലുള്ള 55.91 കോടി രൂപയുടെ കവുങ്ങുകളും 8.63 കോടി രൂപയുടെ 1918 ഹെക്ടര്‍ പച്ചക്കറികളും വെള്ളത്തിലായി. കപ്പയും( 1266 ഹെക്ടര്‍), കുരുമുളകും(246) റബ്ബറും (211) പ്രകൃതിക്ഷോഭത്തില്‍ പെട്ടു .

പാലക്കാടാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. 10,887 ഹെക്ടര്‍ കൃഷി നശിച്ചു. 228.97 കോടി രൂപയുടെ നഷ്ടമുണ്ട്. 11,580ഓളം കര്‍ഷകരാണ് ദുരിതത്തിലായത്. വ്യാപകമായി ഉരുള്‍പൊട്ടിയ വയനാടാണ് നാശനഷ്ടമേറിയ രണ്ടാമത്തെ ജില്ല. നഷ്ടം 219.3 കോടി രൂപ. 3661 ഹെക്ടറിലെ കൃഷി ഇല്ലാതായി. 18,669 കര്‍ഷകരെ ബാധിച്ചു.തിരുവനന്തപുരം 56.15 (കോടി), കൊല്ലം 12.09, ആലപ്പുഴ – 105.29, പത്തനംതിട്ട 14.25, കോട്ടയം 65.35, ഇടുക്കി 31.60, എറണാകുളം 120.66, തൃശൂര്‍ – 156.55, മലപ്പുറം 83.07, കോഴിക്കോട് 16.69, കണ്ണൂര്‍ – 45.64 , കാസര്‍കോട് 13.7 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ നഷ്ടക്കണക്ക്.