ജനവിധി കാത്ത് ജനം. വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം. സുരക്ഷ ശക്തം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
23ന് രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതതു നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കു മാറ്റും. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാകും യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും നിശ്ചിത എണ്ണം ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പടെ മൂന്നു പേരാണ് ഉണ്ടാകുക.

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. വോട്ടെണ്ണല്‍ ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, ചീഫ് കൗണ്ടിങ് ഏജന്‍റ് , വരണാധികാരിയില്‍നിന്നോ ഉപവരണാധികാരിയില്‍നിന്നോ അനുമതിപത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്‍റുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പാസ് ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ. കൗണ്ടിങ് ഏജന്‍റുമാര്‍ 23ന് രാവിലെ 7.30നു മുന്‍പായി അനുവദിച്ചിട്ടുള്ള കൗണ്ടിങ് ഹാളില്‍ പ്രവേശിക്കണം. കൗണ്ടിങ് പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ ഹാളില്‍ ഉണ്ടായിരിക്കേണ്ടതാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവ ഹാളില്‍ കൊണ്ടുവരാന്‍ പാടില്ല.