ഇന്ത്യക്കിത് അഭിമാന നിമിഷം : ചന്ദ്രയാന്‍ രണ്ട് ഭ്രമണപഥത്തില്‍

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്നത്. ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചത്.

ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് പ്രവേശിച്ചത്. ചന്ദ്രനെ ചുറ്റാൻ ആരംഭിക്കുന്ന ഉപഗ്രഹത്തെ 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിക്കും. സെപ്റ്റംബർ ഒന്നാം തീയതിയോടെയായിരിക്കും ഈ പ്രക്രിയ പൂർത്തിയാകുക.

സെപ്റ്റംബർ രണ്ടിന് ചന്ദ്രയാനിലെ വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടും. ഓർബിറ്റർ ഈ ഭ്രമണപഥത്തിൽ ഒരു വർഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപ്റ്റംബർ ഏഴിനായിരിക്കും അതിനിര്‍ണായകമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2:30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.