തമ്പി ആന്‍റണിയുടെ ഭൂതത്താൻ കുന്നിന് പുരസ്കാരം

എഴുത്തുകൂട്ടം പ്രവാസി നോവൽ പുരസ്കാരം തമ്പി ആന്‍റണിയുടെ ഭൂതത്താൻ കുന്നിന്. എഴുത്തുകൂട്ടം ഭാരവാഹികളാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നവംബർ 8ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് പ്രൊഫ. വി.ആർ. സുധീഷ് , തമ്പി ആന്‍റണിക്ക് പുരസ്കാരം സമ്മാനിക്കും.

ഭാഷയിലും ആഖ്യാന ശൈലിയിലും പ്രകടിപ്പിക്കുന്ന ലാളിത്യമാണ് തമ്പി ആന്‍ണി എന്ന എഴുത്തുകാരന്‍റെ പ്രത്യേകത. ഭൂതത്താന്‍കുന്ന് എന്ന കല്‍പ്പിത ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും സംഭവങ്ങളുമാണ് നോവലിന്‍റെ ഇതിവൃത്തമെങ്കിലും തമ്പി ആന്‍റണിയെന്ന മനുഷ്യന്‍റെ ജീവിത പരിസരവുമായി നോവല്‍ ഏറെ അടുത്തു നില്‍ക്കുന്നു. പിന്നിട്ട കാലത്തെ ഓര്‍ത്തെടുക്കാനും സ്വയമൊന്നു ചിന്തിക്കാനും ഭൂതത്താന്‍ കുന്ന് വായനക്കാരെ പ്രേരിപ്പിക്കുന്നു. ഡിസി ബുക്സ് ആണ് പ്രസാധകര്‍.

വാസ്കോഡിഗാമ എന്ന കഥാസമാഹാരം, ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷന്‍ എന്ന ഹാസ്യനാടക സമാഹാരം, മലചവിട്ടുന്ന ദൈവങ്ങള്‍ എന്ന കവിതാ സമാഹാരം ഉള്‍പ്പടെ നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഷിക്കാഗോയിലെ മഞ്ഞ്, സിനിമയും പിന്നെ ഞാനും എന്നീ രണ്ടു കൃതികള്‍ 38ആമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. നവംബര്‍ 8ന് രാത്രി 7.30ന് ഹാള്‍ നമ്പര്‍ 7ലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്.

വടക്കന്‍ കാലിഫോര്‍ണിയയില്‍ ആരോഗ്യമേഖലയില്‍ ബിസിനസ് നടത്തുന്ന അദ്ദേഹം ചലചിത്ര നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും മലയാളികള്‍ക്ക് സുപരിചിതനാണ്.