പ്രളയദുരിതത്തില്‍പെട്ടവര്‍ക്ക് സാന്ത്വനമായി കരീം ഇക്കയുടെ സംഗീതാര്‍ച്ചന..

"പ്രളയ ദുരിതർക്ക് നല്‍കാന്‍ എന്‍റെ കൈയില്‍ പണമില്ല.. ഉള്ളത് ഉള്ളുപൊടിഞ്ഞുള്ള ഈ സംഗീതം മാത്രം.." കരുനാഗപ്പള്ളിക്കാരനായ തൊടിയൂർ കരീം എന്ന കരീം ഇക്ക ഈ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ കൈയില്‍ നയാപൈസയില്ലാതെ നൊമ്പരപ്പെടുമ്പോഴാണ്.. തന്‍റെ സംഗീതം, നല്‍കിയാലോയെന്ന ചിന്ത അദ്ദേഹത്തിനുണ്ടായത്. പിന്നെ ഒട്ടും വൈകിയില്ല, സ്വന്തമായി രചനയും സംഗീതവും ആലാപനവും നിർവഹിച്ച്, അദ്ദേഹം പ്രളയം ദുരിതം വിതച്ച കേരളത്തിന് സംഗീതാര്‍ച്ചന സമര്‍പ്പിച്ചു. ഉള്ളില്‍ തട്ടിയുള്ള പാട്ട്. കൂലിവേലക്കാരനായ അദ്ദേഹത്തിന്‍റെ ഈ ഉദ്യമത്തിന് പിന്‍തുണയേകി സുഹൃത്തുക്കളും ഒപ്പം നിന്നു. നന്മയും ഊർജ്ജവും ഉള്ള ഈ നല്ല മനുഷ്യൻ മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നു.