പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ടി ഒ സൂരജ് ഉല്‍പ്പടെ 4 പേര്‍ അറസ്റ്റില്‍.

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ്‌ ചെയ്തു. ടി.ഒ സൂരജിന് പുറമെ പാലം നിര്‍മിച്ച ആര്‍ഡിഎസ്‌ കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരാണ് അറസ്റ്റിലായത്.

സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. ടി.ഒ സൂരജിനെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചിരുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പടെ പ്രതിയായ ആളാണ് ടി.ഒ സൂരജ്. ഇതിനെ തുടര്‍ന്ന് ടി.ഒ സൂരജിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് വിജിലന്‍സ് കടക്കുമെന്നാണ് അറിയുന്നത്. പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ആദ്യഘട്ട അറസ്റ്റ്‌ മാത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ഇനിയും അനവധി പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ട്. സംഭവത്തില്‍ പങ്കുള്ളതായി കരുതുന്ന 17 ഉദ്യോഗസ്ഥരുടെ പേര്‌ ചേര്‍ത്താണ്  വിജിലന്‍സ്  എഫ് ഐ ആർ  സമര്‍പ്പിച്ചത്‌.