ശബരിമല, മലക്കം മറിഞ്ഞ് രാഹുല്‍

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ നിലപാടല്ല തനിക്ക് ഇപ്പോഴുള്ളതെന്ന് രാഹുല്‍ ഗാന്ധി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ഭാഗത്തും ന്യായമുണ്ടെന്നാണ് താന്‍ കരുതുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല വിഷയം വിശദമായി തന്നെ ധരിപ്പിച്ചു. ആചാരം സംരക്ഷിക്കപ്പെടണം എന്ന വാദത്തിന് ന്യായമുണ്ട്. അതുപോലെ സ്ത്രീ സമത്വം എന്ന വിഷയത്തോടും താന്‍ യോജിക്കുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും ഒരു വിധത്തിലുമുള്ള വിവേചനം പാടില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മുന്‍ നിലപാട്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഭരണപക്ഷം ആയുധമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി നിലപാട് മാറ്റിയതോടെ ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ , യുവതീ പ്രവേശം പാടില്ലെന്ന നിലപാട് ശക്തമായി ഇനി ഉന്നയിക്കും.