രാഹുല്‍ഗാന്ധിയുടെ അടുത്ത വരവ് പ്രധാനമന്ത്രിയായിട്ട് : ഉമ്മന്‍ചാണ്ടി.

രാഹുല്‍ഗാന്ധി ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനായാണ് ദുബായില്‍ എത്തിയിരിക്കുന്നതെന്നും എന്നാല്‍ അടുത്ത തവണ പ്രധാനമന്ത്രിയായിട്ടായിരിക്കും അദ്ദേഹം എത്തുകയെന്നും എ.ഐ.സി.സി.സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയില്‍ വച്ചു പുലര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ചെറിയ പതിപ്പാണ് കാണാന്‍ കഴിയുന്നത്. ഇതൊരു ചരിത്രസംഭവമായി മാറിയിരുക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധിയെ കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് മുസ്ലീംലീഗ് നേതാവും എം.പി.യുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി എത്തുന്നതിന് മുന്‍പാണ് ഇരു നേതാക്കളും സംസാരിച്ചത്. രാഹുല്‍ ഗാന്ധി വേദിയില്‍ എത്തിയ ശേഷം അധ്യക്ഷനായിരുന്ന എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദയും വേദിയില്‍ ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി വേദിയില്‍ എത്തുന്നതിന് മുന്‍പ് സംഗീത, നൃത്ത പരിപാടികള്‍ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളാണ് നൃത്ത വേദിയില്‍ അവതരിപ്പിച്ചത്.