ജാലിയന്‍വാലാബാഗിലെ രക്തംകൊണ്ടെഴുതിയ ‘രക്തവൈശാഖി’യുമായി നവദീപ് സിംഗ് സൂരി

യു.എ.ഇ.യിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും സാഹിത്യകാരനുമായ നവദീപ് സിംഗ് സൂരി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഖൂനി വൈശാഖി എന്ന കവിതയെക്കുറിച്ചുള്ള സംവാദം ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ നടന്നു. ജലിയൻവാലാ ബാഗ് കൂട്ടക്കൊലയെ അധികരിച്ച് നാനാക് സിംഗ് പഞ്ചാബി ഭാഷയിൽ രചിച്ച ‘ഖൂനി വൈശാഖി’ എന്ന കവിത അദ്ദേഹത്തിന്‍റെ പൗത്രനായ നവദീപ് സിംഗ് സൂരി ഖൂനി വൈശാഖിയെന്ന പേരിൽത്തന്നെയാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്‍റെ മലയാള പരിഭാഷയായ ‘രക്തവൈശാഖി’ ഡിസി ബുക്സാണ് പുറത്തിറക്കിയിരിക്കുന്നത്.

ഹിന്ദു-മുസ്ലിം-സിഖ് മൈത്രി, ഹൃദയസ്പർശിയായി വർണ്ണിക്കുന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നേർസാക്ഷ്യമായ ഖൂനി വൈശാഖിയുടെ കയ്യെഴുത്തുപ്രതിയോ അച്ചടിച്ച പുസ്തകമോ തങ്ങളുടെ കുടുംബാംഗങ്ങളാരും കണ്ടിരുന്നില്ലെന്ന് നവദീപ് സിംഗ് സൂരി പറഞ്ഞു. ജലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികമടുത്തപ്പോൾ, തന്‍റെ മാതാവാണ്, പഞ്ചാബിയിലെഴുതിയ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം നടത്തി പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിച്ചത്.

ജലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലത്തുണ്ടായിരുന്ന നാനാക് സിംഗ് ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ്. നാലായിരം വാക്കുകളാണ് കൂട്ടക്കൊലയെ കുറിച്ച് അദ്ദേഹമെഴുതിയ കവിതയിൽ ഉണ്ടായിരുന്നത്. കവിത പ്രസിദ്ധീകരിച്ച ഉടൻ തന്നെ അത് നിരോധിക്കപ്പെട്ടു. പിൽക്കാലത്ത് പുസ്തകത്തിന്‍റെ കോപ്പി ലഭിക്കാനായി പല തലങ്ങളിലും ശ്രമിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല.

എൺപതുകളിൽ, കേന്ദ്രത്തിൽ അഭ്യന്തരമന്ത്രിയായിരുന്ന ഗ്യാനി സെയിൽ സിംഗ് പുസ്തകത്തിന്‍റെ കോപ്പി കണ്ടെടുക്കാൻ പ്രത്യേക താത്പര്യമെടുത്തിരുന്നു. അറുപത് വര്ഷങ്ങൾക്ക് ശേഷം, ജാഗ്രുതി പത്രത്തിന്‍റെ പത്രാധിപസമിതിയിലുണ്ടായിരുന്ന ഡോ. ഗുപ്തയുടെ പക്കൽ നിന്ന് തങ്ങൾക്ക് കവിതയുടെ ഒരു പ്രതി ലഭിച്ചു. അദ്ദേഹത്തിന്‍റെ മുത്തച്ഛൻ പുസ്തകങ്ങൾ ശേഖരിക്കുന്ന വ്യക്തിയായിരുന്നു. മുത്തച്ഛന്‍റെ പഴയ ചാക്കുകെട്ടുകൾക്കുള്ളിൽ നിന്നാണ് ഡോ. ഗുപ്തയ്ക്ക് കവിത ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികദിനമായ 2019 ഏപ്രിൽ 13-ന് അബുദാബിയിൽ വച്ചാണ് ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം നടന്നത്.